Friday 19 April 2013

അഞ്ച് വയസുകാരിക്ക് പീഡനം:



മുസാഫര്‍പൂര്‍ (ബിഹാര്‍ ): തലസ്ഥാന നഗരത്തില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍ . അയല്‍വാസിയായ മനോജ് കുമാര്‍ (25) നെ ബിഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് പട്‌നയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ചിക്‌നൗത്ത ഗ്രാമത്തില്‍ നിന്നാണ് യുവാവ് അറസ്റ്റിലായത്.

സംഭവത്തിനുശേഷം ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ ബിഹാറിലെത്തിയ മനോജ് കുമാറിനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളാണ് മനോജ്. തെക്കന്‍ ഡല്‍ഹിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുവച്ചാണ് ബലാത്സംഗവും ക്രൂര പീഡനവും നടന്നത്. തൊട്ടടുത്താണ് ബാലികയുടെ കുടുംബം താമസിച്ചിരുന്നത്. മനോജ് കുമാറിനുമേല്‍ ബലാത്സംഗവും വധശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

ബലാത്സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരി അതി ഗുരുതരാവസ്ഥയില്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടു. ബാലികയെ പ്രവേശിപ്പിച്ച ആസ്പത്രിക്കുമുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ കരണത്തടിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു. കേസ് എടുക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസ് ഓഫീസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.

പ്രതി മനോജ് കുമാറാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുകയോ തിരച്ചില്‍ നടത്തുകയോ ചെയ്തില്ല. കുട്ടിക്കായി വീട്ടുകാര്‍ പലയിടത്തും തിരച്ചില്‍ നടത്തി. ഇതിനിടെ ബുധനാഴ്ച താഴത്തെ നിലയിലുള്ള അയല്‍വാസിയുടെ മുറിയില്‍നിന്ന് കരച്ചില്‍ കേട്ടു. അകത്തുകയറി നോക്കിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മൂന്നുദിവസമായി കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

അതിക്രൂരമായ നിലയിലാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. ബാലികയുടെ ജനനേന്ദ്രിയത്തില്‍ 200 മില്ലിലിറ്ററിന്റെ കുപ്പിയും മെഴുകുതിരികളും കുത്തിക്കയറ്റിയിരുന്നു. ഇവ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കവിളിലും ചുണ്ടിലും നെഞ്ചിലും മുറിവുകളുണ്ട്. ശ്വാസംമുട്ടിച്ച് കൊല്ലാനെന്നപോലെ കഴുത്തില്‍ മുറുക്കിയ പാടുകളും ഉണ്ട്. ഒരു ബാലിക ഇത്രയും പ്രാകൃതമായ രീതിയില്‍ ബലാത്സംഗംചെയ്യപ്പെടുന്നത് ആദ്യമായാണ് കാണുന്നതെന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയ സ്വാമി ദയാനന്ദ് ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ആര്‍.കെ. ബന്‍സാല്‍ പറഞ്ഞു. അതിക്രമം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടുക്കം രേഖപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കുനേരേയുണ്ടായ പോലീസ് നടപടി അംഗീകരിക്കാനാവാത്തതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

സംഭവം പുറത്തുപറയരുതെന്ന് പോലീസ് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അച്ഛന്‍ വെളിപ്പെടുത്തി. ഇതിനായി രണ്ടായിരം രൂപ നല്‍കാനും പോലീസ് ശ്രമിച്ചു. പരാതി നല്‍കിയിട്ടും കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും അവര്‍ തയ്യാറായില്ല. സംഭവത്തെ തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം അണപൊട്ടി. കുട്ടിയെ പ്രവേശിപ്പിച്ചിരുന്ന സ്വാമി ദയാനന്ദ് ആസ്പത്രിക്കുമുന്നില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി.

ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും എം.പി.യുമായ സന്ദീപ് ദീക്ഷിതും ആരോഗ്യമന്ത്രി എ.കെ. വാലിയയും ആസ്പത്രിയിലെത്തി. സന്ദീപ് ദീക്ഷിത് വരുന്നതിനായി വഴിമാറി കൊടുക്കാതിരുന്നതിനാലാണ് പ്രതിഷേധത്തിനെത്തിയ യുവതിയെ പോലീസ് കരണത്തടിച്ചത്. ഇവരുടെ ചെവിയില്‍ മുറിവേറ്റു. ഇത് ആളുകളെ കൂടുതല്‍ പ്രകോപിതരാക്കി. തുടര്‍ന്ന് അസിസ്റ്റന്റ പോലീസ് കമ്മീഷണര്‍ എ.കെ. അഹ്‌ലാവത്തിനെ സസ്‌പെന്‍ഡ് ചെയ്തു. 

Tuesday 16 April 2013

ഭൂകമ്പം: ഇറാനില്‍ മരണം നൂറിലേറെ

പാകിസ്താനില്‍ 34
തീവ്രത 7.8
ഗള്‍ഫ് മേഖലയും കുലുങ്ങി


ദുബായ്:ഒരാഴ്ചയ്ക്കിടെ ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സെ്കയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും പാകിസ്താനിലും പശ്ചിമേഷ്യയിലും അനുഭവപ്പെട്ടു.

ഇറാനില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, 40 പേര്‍ മരിച്ചതായാണ് ഇറാന്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്തത്. 40 വര്‍ഷത്തിനിടെ ഇറാനിലുണ്ടാകുന്ന അതിശക്തമായ ഭൂചലനമാണിത്. പാകിസ്താനില്‍ 34പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് മേഖലയിലും പലയിടങ്ങളിലും ഉയരമുള്ള കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. ഇവിടങ്ങളില്‍ നാശനഷ്ടമോ ആളപായമോ ഇല്ല. ഇസ്‌ലാമബാദിലും കറാച്ചിയിലും ഭയചകിതരായ ജനം വീടുവിട്ടോടി. പാകിസ്താനില്‍ ആയിരക്കണക്കിന് മണ്‍കുടിലുകള്‍ നിലംപതിച്ചു.

ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ ഖാഷ് പട്ടണമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഈ മേഖയിലെ ആശയവിനിമയ ഉപാധികള്‍ ഭൂചലനത്തെത്തുടര്‍ന്ന് തകരാറിലായിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഇറാന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായതെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. സഹേദാന്‍, സാരാവന്‍, ഖാഷ് എന്നീ പട്ടണങ്ങള്‍ സ്ഥിതിചെയ്യുന്നതിവിടെയാണ്. ആയിരത്തോളമാളുകള്‍ വസിക്കുന്ന ഹിദുജ് പട്ടണം പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.


ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 4.15-നാണ് 25 സെക്കന്‍ഡ് നീണ്ട ഭൂചലനമുണ്ടായത്. ഗള്‍ഫ് മേഖലയില്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഈ സമയത്ത് ചലനമനുഭവപ്പെട്ടു. വീടുവിട്ടോടിയ ജനങ്ങളില്‍ പലരും തുറസ്സായ സ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നു. ചില ഓഫീസുകള്‍ അവധി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബായിയെ ഭൂകമ്പം കൂടുതല്‍ ഭീതിയിലാഴ്ത്തി.

ഒരാഴ്ചമുമ്പ് ഏപ്രില്‍ ഒമ്പതിന് ഇറാന്റെ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷേറിനടുത്തുണ്ടായ ഭൂകമ്പത്തില്‍ 37 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സെ്കയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗള്‍ഫ് മേഖലയെയും പ്രകമ്പനം കൊള്ളിച്ചിരുന്നു. ഭൂചലനങ്ങള്‍ പതിവായ ഇറാനില്‍ 2003-ലുണ്ടായ ഭൂകമ്പത്തില്‍ 30,000 പേരാണ് മരിച്ചത്.

ഉത്തരേന്ത്യയും കുലുങ്ങി: ഒരു മരണം


ഷൈന്‍ മോഹന്‍


ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലും ഗുജറാത്ത്, അസം, അരുണാചല്‍ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച വൈകിട്ട് ഭൂചലനമുണ്ടായി. അസമിലെ ഗുവാഹാട്ടിയില്‍ മീന്‍പിടിക്കുകയായിരുന്ന എട്ടുവയസുകാരന്‍ ഭൂചലനത്തെത്തുടര്‍ന്ന് പുഴയില്‍ വീണുമരിച്ചു. കരയിടിഞ്ഞതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികളാണ് പുഴയില്‍ വീണത്. ഇതില്‍ ജെഹിറുല്‍ നെസ എന്ന കുട്ടിയെ രക്ഷിക്കാനായില്ല.

പാകിസ്താന്‍-ഇറാന്‍ അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതല നിരപ്പില്‍ നിന്ന് 33കിലോമീറ്റര്‍ താഴെയാണ് റിക്ടര്‍ സെ്കയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വൈകിട്ട് 4.14നാണ് ഉത്തരേന്ത്യയില്‍ സാമാന്യം ശക്തമായി ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും മറ്റു കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി. ഡല്‍ഹി, ഗുഡ്ഗാവ്, നോയ്ഡ, രാജസ്ഥാന്‍, ചണ്ഡീഗഢ്, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞവര്‍ഷം ജൂണ്‍ 19നാണ് ഡല്‍ഹിയില്‍ അവസാനമായി ഭൂചലനമുണ്ടായത്. റിക്ടര്‍ സെ്കയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാണയിലെ ജജ്ജാറായിരുന്നു. ഹരിയാണയിലെ ബഹദൂര്‍ഗഡ് കേന്ദ്രമായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് അഞ്ചിന് ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സെ്കയിലില്‍ 4.9 രേഖപ്പെടുത്തിയ ആ ഭൂകമ്പവും രാജ്യതലസ്ഥാനത്ത് അനുഭവപ്പെട്ടു.

ജയ്പുരില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.04നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യ- ചൈന അതിര്‍ത്തിയിലാണ് പ്രഭവകേന്ദ്രം. ഗുജറാത്തില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ബിര്‍ജു പട്ടേല്‍ അറിയിച്ചു. ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ടത് 2001ലെ വന്‍ഭൂകമ്പത്തെ ഓര്‍മിപ്പിച്ചു. അന്ന് ആയിരങ്ങളാണ് ഗുജറാത്തില്‍ മരിച്ചത്.

അസമിലെ ദാരംഗ് ജില്ല പ്രഭവകേന്ദ്രമായി റിക്ടര്‍ സെ്കയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് രാവിലെ 6.53നാണ്. അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും ചെറിയ തോതില്‍ ഭൂചലനമുണ്ടായതായി ഷില്ലോങ്ങിലെ റീജ്യണല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.